തിരുവനന്തപുരം: രാജ്യത്തിന്റെ 78ആം സ്വാതന്ത്രദിനം ആഘോഷിച്ചു കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകൾ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ആം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനാകുന്നില്ല.
മുന്നറിയിപ്പുകൾ അല്ലാതെ കൃത്യമായ പ്രവചനം ഉണ്ടെങ്കിലേ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനാകൂ. ജനങ്ങളെ അന്ധവിശ്വാസത്തിലേക്കും പ്രാകൃത അനുഷ്ഠാനങ്ങളിലേക്കും കൊണ്ടുപോകാൻ ചിലർ ശ്രമിക്കുകയാണ്. ഇതിനായി ജാതീയതയും വർഗീയതയും ആയുധമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ സ്വാതന്ത്രദിന ചടങ്ങ് കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
മന്ത്രി ഒആർ കേളു പതാക ഉയർത്തി. ദുരന്ത പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ പൂർണമായും ഒഴിവാക്കിയാണ് ജില്ലയിലെ ചടങ്ങുകൾ. കോഴിക്കോട് വിക്രം മൈതാനിൽ നടന്ന സ്വാതന്ത്രദിന ആഘോഷത്തിൽ മന്ത്രി എകെ ശശീന്ദ്രൻ പതാക ഉയർത്തി. മലപ്പുറം എസ്പി മൈതാനത്ത് റവന്യൂ മന്ത്രി കെ രാജൻ പതാക ഉയർത്തി.
Most Read| ഗാസ വെടിനിർത്തൽ ചർച്ച ഇന്ന് ഖത്തറിൽ; വിട്ടുനിൽകുമെന്ന് ഹമാസ്