ന്യൂഡെൽഹി: ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്ത ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്നും ഇന്ത്യ സഖ്യ പ്രതിനിധികൾ പിൻമാറി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുക്കുകയും, പിന്നാലെ ഒഴിവാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് നടപടി.
കൊടിക്കുന്നിൽ സുരേഷ്, ഡിഎംകെയുടെ ടിആർ ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരാണ് പ്രോ ടേം സ്പീക്കർ പാനലിൽ നിന്ന് പിൻമാറിയത്. ഏഴ് തവണ എംപിയായ ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻ ബിജെഡി നേതാവായ മഹ്താബ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബിജെപിയിൽ ചേർന്നത്.
നിലവിൽ ലോക്സഭയിലെ അംഗവും എട്ട് തവണ എംപിയുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം, 18ആം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ ബിആർ അംബേദ്ക്കർ പ്രതിമക്ക് മുന്നിൽ ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിനുള്ളിലേക്ക് പ്രവേശിക്കുക.
അതിനിടെ, കേരളത്തിൽ നിന്നുള്ള 18 എംപിമാർ ഇന്ന് ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
വൈകിട്ട് നാലുമണിയോടെയാകും കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. ഭരണം നേടാൻ കഴിഞ്ഞില്ലെങ്കിലും, ഇത്തവണ ശക്തരായാണ് പ്രതിപക്ഷം പാർലമെന്റിൽ തിരിച്ചെത്തുന്നത്. ഇന്ന് മുതൽ ജൂലൈ മൂന്ന് വരെയാണ് സമ്മേളനം. ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ്, നെറ്റ് വിഷയങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി നോട്ടീസ് നൽകും.
Most Read| 24 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്