ന്യൂഡെൽഹി: ഡെൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗിക പദവിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നടപടി.
പാക്കിസ്ഥാൻ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പദവികൾ ഒരുതരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന് കർശനമായി ഉറപ്പാക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയും പദവിക്ക് നിരക്കാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടി ഒരു പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. അന്നും ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങൾ ഇന്ത്യ വെളിപ്പെടുത്തിയിരുന്നില്ല.
ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് യുട്യൂബർ ജ്യോതി മൽഹോത്രയെയും മറ്റ് നിരവധി പേരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അന്നത്തെ പുറത്താക്കൽ. ജ്യോതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് വീണ്ടും ഇന്ത്യയുടെ നടപടി. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!