ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.
ഇതിന്റെ ആദ്യഭാഗമായ സൂറത്ത്- ബിലിമോറ പാതയിലാണ് ആദ്യ സർവീസ് ആരംഭിക്കുക. രണ്ടാംഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാംഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും. അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ട്രെയിൻ സർവീസ് നടത്തും.
അഹമ്മദാബാദിലെ സബർമതിയെയും മുംബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ട് 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള അതിവേഗ റെയിൽപാത നിർമിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗം പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഈ ദൂരം രണ്ടുമണിക്കൂർ 17 മിനിറ്റിൽ ഓടിയെത്തും. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ ഉൽഘാടനം നടന്നത്.
2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതി നീണ്ടുപോവുകയായിരുന്നു. സ്‌ഥലം ഏറ്റെടുക്കലിൽ ഉൾപ്പടെ ഉണ്ടായ പ്രശ്‌നങ്ങളാണ് കാലതാമസത്തിനും ഇടയാക്കിയത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം ഒരുമണിക്കൂർ 58 മിനിറ്റിൽ ഓടിയെത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്.
എന്നാൽ, സ്‌റ്റേഷനുകളുടെ എണ്ണം 4ൽ നിന്നും 12 ആക്കി ഉയർത്താൻ തീരുമാനിച്ചതോടെ സഞ്ചാര സമയത്തിലും വർധനയുണ്ടായി. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൂറത്തിൽ നിർമാണത്തിലുള്ള ബുള്ളറ്റ് ട്രെയിൻ സ്‌റ്റേഷനിൽ സന്ദർശനം നടത്തിയിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































