ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്‌ഥാനിലെ നിരവധി സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിടെ ലാഹോറിലെ വ്യോമ പ്രതിരോധ മന്ത്രാലയം ഇന്ത്യ നിർവീര്യമാക്കി.
അതിനിടെ, കഴിഞ്ഞദിവസം വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളെ പാക്കിസ്‌ഥാൻ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. അവന്തിപുര, ശ്രീനഗർ, ജമ്മു, പഠാൻകോട്ട്, അമൃത്‌സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിന്ഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നീ സൈനിക കേന്ദ്രങ്ങളായിരുന്നു പാക്കിസ്‌ഥാൻ ലക്ഷ്യംവെച്ചിരുന്നത്.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്‌ഥാന്റെ അക്രമണമെന്നും എന്നാൽ, ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്‌തമാക്കി. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്‌ഥാനിലെയും പാക്ക് അധിനിവേശ കശ്‌മീരിലെയും ഒമ്പത് ഭീകര പരിശീലന ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു സർവകക്ഷി യോഗം. രാജ്‌നാഥ് സിങ്ങിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, വിവിധ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള അതിർത്തിയിലെ സ്‌ഥിതിഗതികളും ചർച്ചയായി.
അതിനിടെ, ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന്റെ കൊടുംഭീകരൻ അബ്‌ദുൽ അസ്ഹർ റൗഫ് കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകനും ഐക്യരാഷ്‌ട്ര സംഘടനയുടെ ഭീകര പട്ടികയിലുള്ളയാളുമായ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമാണ് അസ്ഹർ റൗഫ്.
പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ, മുദരികെ എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയിബ ആസ്‌ഥാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അസ്ഹർ റൗഫ് കൊലപ്പെട്ടെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി നേരത്തെ സ്‌ഥിരീകരിച്ചിരുന്നു.
1999 ഡിസംബർ 24ന് നേപ്പാളിലെ കാഠ്‌മണ്ഡുവിൽ നിന്ന് ഡെൽഹിയിലേക്ക് പോവുകയായിരുന്ന ഐസി-814 വിമാനം ഹർക്കത്തുൽ മുജാഹിദ്ദീൻ ഭീകരർ റാഞ്ചിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അസ്ഹർ റൗഫായിരുന്നു. അന്ന് ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസ്ഹർ, മുഷ്‌താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നിവരെ വിട്ടുനൽകണമെന്നതായിരുന്നു അവരുടെ ആവശ്യം.
പാക്കിസ്‌ഥാനിൽ വിമാനമിറക്കാൻ അനുമതി ലഭിക്കാത്തതോടെ അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിലാണ് വിമാനമിറക്കിയത്. യാത്രക്കാരുടെ ജീവൻവെച്ച് വിലപേശിയതോടെ ഭീകരരുടെ ആവശ്യത്തിന് മുന്നിൽ ഇന്ത്യക്ക് വഴങ്ങേണ്ടിവന്നു. മസൂദിനെ ഉൾപ്പടെ മൂന്ന് ഭീകരരെയും വിട്ടുനൽകി. മസൂദ് അസ്ഹർ ആണ് പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന സ്‌ഥാപിക്കുന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!