ലണ്ടൻ: കെയിൻ എനർജി കേസിലും ഇന്ത്യക്ക് തിരിച്ചടിയായി അന്താരാഷ്‌ട്ര ആർബിട്രേഷൻ കോടതിയുടെ വിധി. വോഡഫോൺ കേസിൽ പ്രതികൂല നടപടി നേരിട്ടതിന് പിന്നാലെയാണ് നികുതി സംബന്ധിച്ച കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8,000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമ പോരാട്ടത്തിലാണ് ഇന്ത്യക്ക് പ്രതികൂലമായി കോടതി വിധി വന്നത്.
ഇന്ത്യയിലുള്ള കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെ തുടർന്ന് ബാക്കിയുള്ള 10 ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭ വിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെക്കുകയും ചെയ്‌തിരുന്നു. ഇതാണ് കെയിൻ എനർജി അന്താരാഷ്‌ട്ര കോടതിയിൽ ചോദ്യം ചെയ്‌തത്. അതേസമയം കോടതി വിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സെപ്‌റ്റംബറിൽ കേന്ദ്ര സർക്കാരിന് എതിരെയുള്ള 20,000 കോടി രൂപയുടെ നികുതി തർക്ക കേസിൽ വോഡഫോണിന് അനുകൂലമായ വിധി വന്നിരുന്നു. ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ കരാറിന് വിരുദ്ധമായാണ് ഇന്ത്യ നികുതി ചുമത്തിയതെന്നായിരുന്നു കോടതി പറഞ്ഞത്.
Read also: ഗ്രീൻ പട്ടികയിലുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി