ശ്രീനഗർ: ജമ്മുവിലെ സാംബ ജില്ലയിൽ ഏഴ് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറാൻ ശ്രമിച്ച ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12ഓളം പേർ സംഘത്തിൽ ഉണ്ടായിരുന്നെന്നും ബാക്കി അഞ്ചുപേർ രക്ഷപ്പെട്ടെന്നുമാണ് വിവരം. ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉധംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്‌ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമവും.
അതിനിടെ, മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ നിയന്ത്രണ രേഖയ്‌ക്ക് (എൻഒസി) സമീപം പാക്കിസ്‌ഥാൻ സൈന്യം വെടിവയ്‌പ്പ് പുനരാരംഭിച്ചു. ജമ്മു കശ്‌മീരിലെ കുപ്‍വാര, ഉറി മേഖലകളിലാണ് ഇന്ന് പുലർച്ചെ പാക്ക് സൈന്യം വീണ്ടും വെടിവയ്‌പ്പ് നടത്തിയത്. ഇതിന് ശക്‌തമായ തിരിച്ചടിയാണ് സൈന്യം നൽകുന്നത്.
അതേസമയം, പാക്ക് പ്രകോപനത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽ സുരക്ഷ ശക്‌തമാക്കി. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര അടക്കമുള്ള സംസ്‌ഥാനങ്ങളിലാണ് സുരക്ഷ വർധിപ്പിച്ചത്. ഇതിനിടെ, ചണ്ഡീഗഡിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ചണ്ഡീഗഡിൽ ഇന്ന് രാവിലെ അപായ സൈറൺ മുഴങ്ങി. ആളുകളോട് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ തുടരാനും ആക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Most Read| നിപ; മലപ്പുറത്ത് നടപടികൾ ഊർജിതം, മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി