ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്‌ഥാനമാക്കിയും ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടുതന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്‌തിരഹിതവുമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണ് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% ചുമത്താൻ യുഎസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ആകെ തീരുവ 50% ആയി. അടുത്ത 21 ദിവത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. യുക്രൈനുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി. ബ്രസീലിനും 50% തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്സർലൻഡിന് 39%, കാനഡയ്ക്ക് 35%, ചൈനയ്‌ക്ക് 30% എന്നിങ്ങനെയാണ് തീരുവ.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി