മോസ്‌കോ: റഷ്യൻ എണ്ണ വിലക്കുറവിൽ ഇന്ത്യ വാങ്ങുന്നുവെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഏറ്റവും മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ പ്രതികരിച്ചു.
ദേശീയ താൽപര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും റഷ്യൻ സർക്കാരിന്റെ വാർത്താ ഏജൻസിയായ ‘ടാസി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ 1.4 ബില്യൻ ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
”വ്യാപാരം നടക്കുന്നത് വാണിജ്യ അടിസ്‌ഥാനത്തിലാണ്. ഇന്ത്യൻ കമ്പനികൾ ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും. ഇന്ത്യയിലെ 1.4 ബില്യൻ ജനങ്ങളുടെ ഊർജ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം, ആഗോള എണ്ണ വിപണിയിൽ സ്‌ഥിരത കൈവരിക്കാൻ രാജ്യത്തിന് സഹായകരമായിട്ടുണ്ട്”- വിനയ് കുമാർ പറഞ്ഞു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ