ജനീവ: പാക്കിസ്‌ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് വിമർശനം ഉണ്ടായത്. രാജ്യാന്തര സഹായങ്ങൾ കൊണ്ടുമാത്രം ജീവിക്കുന്ന പരാജയപ്പെട്ട രാഷ്‌ട്രമാണ് പാക്കിസ്‌ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു.
ജമ്മു കശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പാക്കിസ്‌ഥാൻ നിയമമന്ത്രി അസം നസീർ തരാറിന്റെ ആരോപണങ്ങളിലാണ് മറുപടി.
”പാക്കിസ്‌ഥാനിലെ നേതാക്കൾ അവരുടെ സൈനിക- ഭീകരവാദ കൂട്ടുകെട്ട് കൈമാറുന്ന നുണകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. അസ്‌ഥിരതയിൽ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യാന്തര സഹായങ്ങൾ കൊണ്ട് അതിജീവിക്കുകയും ചെയ്യുന്ന പരാജയപ്പെട്ട രാജ്യം മനുഷ്യാവകാശ കൗൺസിലിന്റെ സമയം പാഴാക്കുന്നത് നിർഭാഗ്യകരമാണ്.
പാക്കിസ്‌ഥാനിലെ കാര്യക്ഷമമല്ലാത്ത സർക്കാർ മനുഷ്യത്വരഹിതമായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയാകട്ടെ ജനാധിപത്യത്തിലും പുരോഗതിയിലും ജനങ്ങളുടെ അന്തസ് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. പാക്കിസ്‌ഥാൻ പഠിക്കേണ്ട മൂല്യങ്ങളിൽ ഒന്നാണിത്.
ജമ്മു കശ്‌മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ ജമ്മു കശ്‌മീർ കൈവരിച്ച സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ വളർച്ച അതിന് തെളിവാണ്. പതിറ്റാണ്ടുകളായി പാക്കിസ്‌ഥാന്റെ ഭീകര പ്രവർത്തനങ്ങളാൽ മുറിവേറ്റ പ്രദേശത്ത് സാധാരണ നില കൊണ്ടുവരാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങൾ.
മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്‌ഥാപിതമായ തകർച്ചയും തീവ്രവാദികളുടെ സംരക്ഷണവും നയമായി സ്വീകരിച്ച രാജ്യമാണ് പാക്കിസ്‌ഥാൻ. അവർക്ക് ആരെയും പഠിപ്പിക്കാൻ അവകാശമില്ല. സ്വന്തം ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിലാണ് പാക്കിസ്‌ഥാൻ ശ്രദ്ധിക്കേണ്ടത്”- ത്യാഗി കൂട്ടിച്ചേർത്തു.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ