ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നൽകി ഇന്ത്യ. പാക്കിസ്‌ഥാനിലും പാക്ക് അധിനിവേശ കശ്‌മീരിലുമായി ഒമ്പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിസൈലാക്രമണം നടത്തി. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്‌തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുദ്‌രികെ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. ലഷ്‌കറെ ത്വയിബയുടെ ആസ്‌ഥാനമാണ് മുദ്‌രികെ.
പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജെയ്‌ഷെ മുഹമ്മദിന്റെ ആസ്‌ഥാനമാണ് ബഹവൽപുർ. ആക്രമണത്തിന് പിന്നാലെ നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം വ്യക്‌തമാക്കി. അതേസമയം, ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് റിപ്പോർട്.
ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്ന് പത്തുമണിക്ക് വാർത്താ സമ്മേളനത്തിൽ പുറത്തുവിടും. അതിനിടെ, അഞ്ചിടത്ത് മിസൈലാക്രമണം ഉണ്ടായെന്നും മൂന്നുപേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരിക്കേറ്റെന്നും പാക്കിസ്‌ഥാൻ സൈന്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും പ്രതിരോധ സംവിധാനം സജ്‌ജമാണെന്നും പാക്കിസ്‌ഥാൻ സൈന്യം അറിയിച്ചു.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ സൈന്യം വെടിവയ്‌പ്പ് തുടങ്ങിയിട്ടുണ്ട്. ഇതോടെ, ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്‌മീരിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.
ഏപ്രിൽ 22നാണ് ജമ്മു കശ്‌മീരിലെ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണം ഉണ്ടായത്. 26 ഇന്ത്യക്കാരായ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്‌റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക്കിസ്‌ഥാനുമായുള്ള സിന്ധൂനദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരൻമാരെ രാജ്യത്ത് നിന്ന് പുറത്താക്കി അതിർത്തികൾ അടയ്‌ക്കുകയും ചെയ്‌തിരുന്നു. അതേസമയം, ഇന്ത്യൻ സൈന്യം പാക്കിസ്‌ഥാനിൽ നടത്തിയ ആക്രമണത്തിൽ അഭിമാനിക്കുന്നുവെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു.
‘ഭാരത് മാതാ കീ ജയ്’ എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്‌സിൽ കുറിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്‌ത മോക്ക്ഡ്രില്ലിന് മണിക്കൂറുകൾക്ക് മുമ്പാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ക്ഡ്രിൽ സംഘടിപ്പിക്കപ്പെടുന്നത്.
Most Read| ‘ചരിത്രപരം’; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്