സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. നിർണായകമായ അവസാന ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കളിക്കില്ല. അടിവയറ്റിലെ വേദനയെ തുടർന്ന് ബുംറ പിൻമാറിയതോടെ ടീം ആശങ്കയിലാണ്. സ്കാനിങ്ങിലാണ് അദ്ദേഹത്തിന്റെ വയറിന്റെ ഭാഗത്തായി ചെറിയ പരിക്ക് കണ്ടെത്തിയത്. തുടർന്ന് ടീം മാനേജ്മെന്റ് ബുംറക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. സിഡ്നി ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് ബുംറക്ക് പരിക്കേറ്റതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
മുൻനിര പേസർമാരെല്ലാം പരിക്ക് മൂലം പുറത്തിരിക്കുന്ന സമയത്താണ് ബുറയെ കൂടി ടീമിന് നഷ്ടമായത്. എന്നാൽ, ഇംഗ്ളണ്ടിനെതിരെ നടക്കുന്ന അടുത്ത ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരാണ് ബുംറയെ കൂടാതെ ഇപ്പോൾ പുറത്തിരിക്കുന്നത്. ഇതോടെ അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്.
ബ്രിസ്ബണിലെ ഗാബയിൽ നടക്കാനിരിക്കുന്ന ടെസ്റ്റിൽ ബുംറയില്ലാതെ കളിക്കാനിറങ്ങുന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. പരമ്പരയിൽ 11 വിക്കറ്റുകൾ നേടിയ ബുംറയാണ് ഇന്ത്യൻ ബൗളിംഗ് യൂണിറ്റിനെ നയിച്ചിരുന്നത്. സ്റ്റാർ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്സ്മാൻ ഹനുമാ വിഹാരി എന്നിവരും അവസാന ടെസ്റ്റിൽ കളിക്കില്ല. മൂന്നു പേര്‍ക്കും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് പരിക്കേറ്റത്.
ജഡേജക്ക് പകരം ശർദ്ദുൽ താക്കൂർ ടീമിലെത്തുമെന്നാണ് വിവരം. വിഹരിക്ക് പകരം മായങ്ക് അഗർവാളും കളിച്ചേക്കും.
Also Read: എസ്എന്‍സി ലാവ്ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും







































