വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഉയർന്ന വിലയ്‌ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ശക്‌തമായി തുടരുമെന്നും സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്‌ഥൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച ഉടൻ നടക്കുമെന്നും ഉദ്യോഗസ്‌ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ ന്യൂഡെൽഹിയിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആയിരിക്കും കൂടിക്കാഴ്‌ചയെന്നാണ് റിപ്പോർട്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-യുഎസ് ചർച്ചകൾ പോസിറ്റീവായി പുരോഗമിക്കുന്നുണ്ടെന്നും വരും ആഴ്‌ചകളിൽ ഒരു പരിഹാരം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്‌ഥൻ വിശദീകരിച്ചു. ട്രംപ് ഭരണകൂടം കശ്‌മീർ വിഷയത്തിൽ മധ്യസ്‌ഥത വഹിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഇത് ഇന്ത്യ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള നേരിട്ടുള്ള പ്രശ്‌നമാണ്. ഇത് യുഎസിന്റെ ദീർഘകാലമായിട്ടുള്ള നയമാണ്. വിഷയം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്‌ഥാനും ചേർന്നാണ്”- ഉദ്യോഗസ്‌ഥൻ കൂട്ടിച്ചേർത്തു.
Most Read| എയിംസ്; ബിജെപിയിൽ തർക്കം, സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി