ന്യൂഡെൽഹി: പ്രതിരോധ മേഖല ശക്‌തിപ്പെടുത്തുന്നതിന് നിർണായക നീക്കവുമായി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബി.ഇ.സി.എ (ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനം ബി.ഇ.സി.എയുടെ പരിധിയിലാണ് വരുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള 2+2 ചർച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പ് വെച്ചത്. ന്യൂഡെൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ എന്നിവർ പങ്കെടുത്തു. ബി.ഇ.സി.എ ഒപ്പ് വെച്ചതിനെ നിർണായക നീക്കമെന്നാണ് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: കാവിക്കൊടിയുമായി ഹിന്ദു ജാഗരൺ മഞ്ച് താജ്‌മഹലിൽ
പ്രതിരോധ ഉപകരണങ്ങൾ സംയുക്‌തമായി വികസിപ്പിക്കാനുള്ള പദ്ധതികൾ തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും സജ്ജമാണെന്ന് വീണ്ടും ഉറപ്പ് വരുത്തിയതായി അദ്ദേഹം വ്യക്‌തമാക്കി.
ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണി ഉൾപ്പടെയുള്ളവ നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്‌തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ വർഷം സൈബർ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചെന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരുരാജ്യങ്ങളുടേയും നാവികസേനകൾ സംയുക്‌തമായി അഭ്യാസ പ്രകടനം നടത്തിയെന്നനും അദ്ദേഹം കൂട്ടിച്ചേർത്തു.






































