ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേത്യത്വത്തിലുള്ള പ്രതിനിധി സംഘം നാളെ യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതിനിധി സംഘം യുഎസ് സന്ദർശിക്കുന്നത്.
വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്‌തിപ്പെടുത്തുന്നതിനും വ്യാപാര ചർച്ചകളിൽ തുടർന്നുള്ള സഹകരണവും ഇന്ത്യ ലക്ഷ്യമിടുന്നതായും മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളും ഏതാനും മാസങ്ങളായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഇടക്കാല വ്യാപാര കരാറിലെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ കാർഷിക, ക്ഷീര മേഖല തുറന്നുകിട്ടാനുള്ള യുഎസ് താൽപര്യമാണ് വിലങ്ങുതടിയായത്. രാജ്യത്തെ വലിയ ശതമാനം ജനങ്ങളുടെ ഉപജീവന മാർഗമായ കാർഷിക, ക്ഷീര മേഖല പൂർണമായും തുറന്ന് നൽകാൻ ഇന്ത്യ തയ്യാറല്ല.
ഈ വർഷം മാർച്ചിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടത്. ഒക്‌ടോബർ- നവംബർ മാസത്തോടെ ആദ്യഘട്ട ധാരണയിൽ എത്താനായിരുന്നു പ്രതീക്ഷ. ട്രംപിന്റെ തീരുവ യുദ്ധമാണ് വ്യാപാര ചർച്ചകളെ പിന്നോട്ടടിപ്പിച്ച മറ്റൊരു ഘടകം.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് പകരം തീരുവയായി ആദ്യഘട്ടത്തിൽ 25% തീരുവ ചുമത്തിയ ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് 50% ആയി വർധിപ്പിച്ചിരുന്നു. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം വഷളാവുകയും ചർച്ചകൾ വഴിമുട്ടുകയും ആയിരുന്നു. പുതിയ തീരുവ നിലവിൽ വന്നതോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി.
Most Read| ഒരുലക്ഷം ഡോളർ ഒറ്റത്തവണ ഫീസ്, പുതുക്കുമ്പോൾ നൽകേണ്ട; വ്യക്‌തത വരുത്തി യുഎസ്