ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. കയറ്റുമതിക്കാർക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്‌ച ചേരുന്ന ഉന്നതതല യോഗത്തിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷത വഹിക്കുമെന്നാണ് റിപ്പോർട്. ട്രംപ് പ്രഖ്യാപിച്ച ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള 50 ശതമാനം തീരുവ ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വരുന്ന പശ്‌ചാത്തലത്തിലാണ് യോഗം. നിലവിലുള്ള 25% നികുതിയുടെ ആഘാതം തിരിച്ചറിയാൻ വാണിജ്യ വ്യവസായ മന്ത്രാലയം കയറ്റുമതിക്കാരുമായും കയറ്റുമതി പ്രമോഷൻ കൗൺസിലുകളുമായും കൂടിയാലോചന നടത്തിവരുന്നുണ്ട്.
നിലവിൽ പ്രാബല്യത്തിലുള്ള 25% നികുതി തന്നെ ലാഭത്തിൽ ഗണ്യമായ ഇടിവും മൽസരശേഷി കുറയ്‌ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് കയറ്റുമതി കമ്പനികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ആഘാതം കുറയ്‌ക്കുന്നതിനായി പ്രത്യേക വ്യവസായങ്ങളെ ലക്ഷ്യമിട്ട് പിന്തുണ നൽകുന്ന പദ്ധതികളാണ് സർക്കാരിന് മുന്നിലുള്ളതെന്നാണ് വിവരം.
റിസ്‌ക് പരിരക്ഷയോട് കൂടി ഈടില്ലാതെ പ്രവർത്തന മൂലധനം നൽകുന്ന എമർജൻസി ക്രഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം വേണമെന്ന കയറ്റുമതി കമ്പനികളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. കയറ്റുമതിക്കാർക്ക് ഉണ്ടാകുന്ന ആഘാതം ചർച്ച ചെയ്യുന്നതിനൊപ്പം ഇന്ത്യയുടെ പ്രതികരണത്തിന്റെ രൂപരേഖയ്‌ക്കും ചൊവ്വാഴ്‌ചത്തെ യോഗം അന്തിമരൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ