പോരാട്ടം പാഴായി; ഇന്ത്യക്ക് തോൽവിയോടെ തുടക്കം; ഫിഞ്ച്-സ്‌മിത്ത് സെഞ്ചുറി കരുത്തിൽ ഓസ്‌ട്രേലിയ

By News Desk, Malabar News
India vs australia
Ajwa Travels

സിഡ്‌നി: കോവിഡ് പ്രതിസന്ധിക്കിടയിൽ ആദ്യ രാജ്യാന്തര മൽസരത്തിനിറങ്ങിയ ഇന്ത്യക്ക് തോൽവിയോടെ തുടക്കം. സിഡ്‌നിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ 66 റൺസിന് ഓസ്‌ട്രേലിയ കീഴ്‌പ്പെടുത്തി. ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ കൂറ്റൻ സ്‌കോർ മറികടക്കാൻ ഇന്ത്യക്ക് ഓപ്പണർ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ചുറികൾ മാത്രം മതിയായിരുന്നില്ല. നിശ്‌ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ ആകെ 308 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറിന്റെയും കൂട്ടുകെട്ടിൽ കത്തിക്കയറി. ഒന്നാം വിക്കറ്റ് മുതൽ അടിച്ചുകൂട്ടിയ ഓസീസിനെ തടുക്കാൻ ഇന്ത്യയുടെ മുൻനിര താരങ്ങൾക്ക് കഴിഞ്ഞില്ല. 28ആം ഓവറിൽ സ്‌കോർ 156 നിൽക്കെയാണ് ആദ്യ വിക്കറ്റ് വീഴ്‌ത്താൻ ഇന്ത്യക്കായത്. 76 പന്തിൽ നിന്ന് 69 റൺസ് നേടി വാർണർ മടങ്ങിയതോടെ സ്‌റ്റീവ് സ്‌മിത് ഫിഞ്ചിനൊപ്പം ചേർന്ന് റൺമല പടുത്തുയർത്തി.

ഫിഞ്ച് 124 പന്തിൽ 9 ഫോറും രണ്ടു സിക്‌സും സഹിതം 114 റൺസെടുത്തപ്പോൾ സ്‌മിത്തും ഒട്ടും കുറച്ചില്ല. 66 പന്തിൽ 11 ഫോറും അഞ്ച് സിക്‌സും സഹിതം 105 റൺസാണ് സ്‌മിത്ത്‌ നേടിക്കൊടുത്തത്. ഇവരെ കൂടാതെ 19 പന്തിൽ 45 റൺസ് ഗ്ളെൻ മാക്‌സ്‌വെലും ഓസീസിന് കരുത്ത് പകർന്നു. ജസ്‌പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ ബോളർമാർ റൺസ് വഴങ്ങിയപ്പോൾ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങിക്കൂട്ടിയത് യുസ്‌വേന്ദ്ര ചഹൽ ആണ്. 10 ഓവറിൽ 89 റൺസാണ് വഴങ്ങിയത്. സെയ്‌നി 83 റൺസും വഴങ്ങി. ഇതോടെ മൂന്ന് ദിനങ്ങളടങ്ങിയ പരമ്പരയിൽ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി.

പാണ്ഡ്യക്കും രക്ഷിക്കാനായില്ല:-

ഓസ്‌ട്രേലിയയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് പൊരുതി വീഴുകയായിരുന്നു. ഇന്ത്യക്കായി 90 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറർ. ഏകദിനത്തിലെ കന്നി സെഞ്ചുറി എന്ന പാണ്ഡ്യയുടെ സ്വപ്‌നം വിഫലമായി. 76 പന്തുകൾ നേരിട്ട പാണ്ഡ്യ ഏഴു ഫോറും നാലു സിക്‌സുമടക്കം നേടിയിട്ടും സെഞ്ചുറിയിലേക്ക് വീണ്ടും 10 റൺസിന്റെ ദൂരം ഉണ്ടായിരുന്നു. 86 പന്തിൽ 10 ഫോറുകളുൾപ്പടെ 74 റൺസ് നേടിയ ഓപ്പണർ ശിഖർ ധവാൻ ആണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. വിക്കറ്റ് നഷ്‌ടം കൂടാതെ 53 റൺസെന്ന നിലയിൽനിന്ന് നാലു വിക്കറ്റ് നഷ്‌ടത്തിൽ 101 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ പാണ്ഡ്യ–ധവാൻ കൂട്ടുകെട്ട് പടുത്തുയർത്തിയ സെഞ്ചുറിയാണ് ആശ്വാസമായത്.

ഇന്ത്യയുടെ വിജയം എന്ന സ്വപ്‌നം തകർത്തത് ഓസീസ് സ്‌പിന്നർ ആദം സാമ്പയാണ്. നാല് വിക്കറ്റാണ് സാമ്പ വീഴ്‌ത്തിയത്. ഓപ്പണർ മായങ്ക് അഗർവാൾ (18 പന്തിൽ 22), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (21 പന്തിൽ 21), രവീന്ദ്ര ജഡേജ (37 പന്തിൽ 25), കെഎൽ. രാഹുൽ (15 പന്തിൽ 12), മുഹമ്മദ് ഷമി (10 പന്തിൽ 13), ശ്രേയസ് അയ്യർ (2 പന്തിൽ 2) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് താരങ്ങളുടെ പ്രകടനം.

Also Read: ‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE