മെൽബൺ: അഡിലെയ്‌ഡിലെ തോൽവിക്ക് ശേഷം മെൽബണിൽ ഇന്ത്യയുടെ മധുരപ്രതികാരം. കൃത്യതയാർന്ന ബൗളിങ് കൊണ്ട് ഓസീസ് പടയെ 8 വിക്കറ്റിന് ഇന്ത്യ കെട്ടുകെട്ടിച്ചു. 70 റൺസ് ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റുപിടിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച അജിങ്ക്യ രഹാനെക്ക് പുതിയൊരു പൊൻതൂവൽ കൂടി. രഹാനെ നയിച്ച മൂന്ന് ടെസ്‌റ്റിലും ഇന്ത്യ വിജയം നേടി.
ഓസ്‌ട്രേലിയൻ ബൗളർമാരെ അനായാസം അടിച്ചൊതുക്കി ഓപ്പണർ ശുഭ്‌മാൻ ഗില്ലും അജിങ്ക്യ രഹാനെയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 36 പന്തിൽ നിന്ന് 35 റൺസ് നേടി ഗിൽ ഒന്നാം ഇന്നിങ്സിലെ തകർപ്പൻ പ്രകടനം ആവർത്തിച്ചു. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ 40 പന്തിൽ 27 റൺസെടുത്ത് പുറത്താവാതെ നിന്നു. മായങ്ക് അഗർവാളും (15 പന്തിൽ 5) ചേതേശ്വർ പൂജാരയും (4 പന്തിൽ 3) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ, ഗില്ലും രഹാനെയും ഒരുമിച്ചതിന് ശേഷം വിക്കറ്റിനുള്ള ഒരു അവസരം പോലും ഓസീസിന് ലഭിച്ചില്ല.
ഒന്നാം ടെസ്‌റ്റിലെ ദയനീയ പരാജയത്തിൽ നിന്നാണ് പരമ്പരയിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നാല് മൽസരങ്ങളുടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. രണ്ടാം ടെസ്‌റ്റിന്റെ നാലാം ദിനം ഓസ്‌ട്രേലിയയെ 200 റൺസിന് പുറത്താക്കി ഇന്ത്യ ബോളിങ് വസന്തമാണ് ഗ്രൗണ്ടിൽ തീർത്തത്. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ഓസീസ് താരങ്ങൾ 50 കടക്കാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല.
കാമറോൺ ഗ്രീനാണ് ഓസീസിന്റെ ടോപ് സ്‌കോറർ (45). ഓപ്പണർ മാത്യു വെയ്‌ഡ് 40 റൺസെടുത്ത് മടങ്ങി. മാർനസ് ലബൃുഷെയ്‌ൻ (28), പാറ്റ് കമ്മിൻസ് (22) എന്നിവരാണ് 20ന് മുകളിൽ റൺസ് നേടിയ മറ്റ് താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ 132 റൺസിന്റെ മികച്ച ലീഡ് ഇന്ത്യക്ക് ഉണ്ടായിരുന്നു.
ഇന്ത്യക്ക് വേണ്ടി ബൗളിങ്ങിനിറങ്ങിയ അഞ്ച് പേർക്കും വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റ ടെസ്‌റ്റ് കളിക്കുന്ന പേസർ മുഹമ്മദ് സിറാജ് 37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ബുംറ, അശ്വിൻ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 1 വിക്കറ്റ് നേടിയ ഉമേഷ് യാദവ് പിന്നീട് പരിക്ക് കാരണം മൽസരത്തിൽ നിന്ന് പിൻമാറിയിരുന്നു.
Also Read: കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം