ന്യൂഡെൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയോം-4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട സംഘമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങുന്നത്. ഇന്ന് വൈകീട്ട് 4.30നാണ് ദൗത്യ പേടകം ബഹിരാകാശ നിലയത്തിൽ നിന്നും അൺഡോക്ക് ചെയ്യുക.
17 ദിവസന്തങ്ങൾക്ക് ശേഷമാണ് ദൗത്യ സംഘത്തിന്റെ തിരിച്ചുവരവ്. ബഹിരാകാശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്‌മയിപ്പിക്കുന്നതും ആയിരുന്നുവെന്ന് ശുഭാംശു ശുക്ള വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നതേ ഉള്ളൂവെന്നും ശുഭാംശു ശുക്ള പറഞ്ഞു.
ദൗത്യത്തിന്റെ അൺഡോക്കിങ്, മടക്കയാത്രയുടെ പുറപ്പെടൽ എന്നിവ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണൻ, സ്ളാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.01നായിരുന്നു ആക്‌സിയോം-4ന്റെ വിക്ഷേപണം.
സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 ബ്ളോക്ക് 5 റോക്കറ്റാണ് നാല് യാത്രികരുമായി കുതിച്ചുയർന്നത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണിത്. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 500 കോടി രൂപയാണ് ഇന്ത്യ ചിലവഴിച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്‌നം കാരണം എഴുതവണയാണ് ദൗത്യം മാറ്റിവെച്ചത്.
ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു പ്രത്യേകമായി ചെയ്‌തിരുന്നു. ശുഭാംശുവിന്റെ കണ്ടുപിടിത്തങ്ങൾ ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ശുഭാംശു ശുക്ള.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!