ന്യൂഡെൽഹി: മാലിയിൽ നിന്ന് മൂന്ന് ഇന്ത്യൻ പൗരൻമാരെ ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക അറിയിച്ച് ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്‌ടറിയിലാണ് ഒരുസംഘം ആയുധധാരികളെത്തി ജോലി ചെയ്‌തിരുന്ന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിൽ.
തോക്കുധാരികൾ സ്‌ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയും മോചനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
”ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ളിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു”- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ പ്രതിജ്‌ഞാബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!