മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ വിവിധ പ്രവാസി സംഘടനകൾ പങ്കെടുത്തു. അംബാസിഡർ പിയൂഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് വിർച്വൽ പ്ളാറ്റ്ഫോമിലൂടെ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും പ്രശ്നങ്ങൾ അധികൃതർക്ക് മുൻപിൽ അവതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അംബാസിഡർക്ക് മുൻപിൽ ബോധിപ്പിച്ചു.
2020ൽ യാത്ര ചെയ്യാനായി വേണ്ടി 2019ൽ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തവർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് പ്രധാനമായും അറിയിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ യാതൊരുവിധ അറിയിപ്പുകളും കൂടാതെ വൗച്ചർ ആക്കിയ നടപടിയാണ് യാത്രക്കാരെ വലച്ചത്.
യാത്രക്കാരുടെയോ ട്രാവൽ ഏജന്‍സിയുടെയോ സമ്മതമോ അനുവാദമോ ഇല്ലാതെ ഈ വർഷം ഫെബ്രുവരി 18 വരെ ക്യാൻസലേഷൻ ചാർജോട് കൂടി റീഫണ്ട് ചെയ്യുകയായിരുന്നു. എയർ അറേബ്യ, ഫ്ളൈ ദുബായ് , ജസീറ എയർവേസ് , സലാം എയർ എന്നീ ബഡ്ജറ്റ് വിമാന കമ്പനികൾ പോലും ക്യാൻസലേഷൻ ചാർജ് ഇല്ലാതെയായിരുന്നു റീഫണ്ട് ചെയ്തിരുന്നത് .
ഈ വിഷയം ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡും വേൾഡ് NRI കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ഡയറക്ടറും ആയ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ട്രാവൽ ഏജൻസി പ്രനിധികൾ അംബാസിഡറെ അറിയിച്ചു.
ഇതിന് പുറമെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നവരുടെ ബുദ്ധിമുട്ടുകളും അംബാസിഡർക്ക് മുൻപിൽ അവതരിപ്പിച്ചു. യാത്രക്കാർ കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആണെന്ന് കണ്ടാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനോ, ഡേറ്റ് മാറ്റിത്തരാനോ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പരാതികൾ സ്വീകരിച്ച അംബാസിഡർ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു.
Read Also: ഉന്നത തസ്തികകളില്‍ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കി ബഹ്റൈൻ






































