ചൈനയിലെ വൈറസ് ബാധ; ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ

ഹ്യൂമൻ മെറ്റാപ്‌ന്യൂമോ (എച്ച്‌എംപിവി) വൈറസാണ് ചൈനയിൽ വ്യാപിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസിലെ ഡോക്‌ടർ അതുൽ ഗോയൽ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

By Senior Reporter, Malabar News
Human Metapneumovirus
Representational Image
Ajwa Travels

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വിദഗ്‌ധർ. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസിലെ ഡോക്‌ടർ അതുൽ ഗോയൽ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയും പൊതുവായുള്ള മുൻകരുതലുകൾ പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”എച്ച്‌എംപിവിക്ക് ആന്റിവൈറൽ ചികിൽസ നിലവിൽ ലഭ്യമല്ല. അതിനാൽ തന്നെ മുൻകരുതലാണ് പ്രധാനം. മെറ്റാപ്‌ന്യൂമോ വൈറസ് ചൈനയിൽ വ്യാപിക്കുന്നുവെന്ന വാർത്തകളാണ് ചുറ്റുമുള്ളത്. ആളുകൾ പരിഭ്രാന്തിയിലായിരിക്കുന്നു. എന്നാൽ, ഞാൻ ആദ്യമേ പറയട്ടെ. സാധാരണ ജലദോഷത്തിന് കാരണമാവുന്ന തരത്തിലുള്ള ഒരു വൈറസ് തന്നെയാണ് ഈ രോഗത്തിന് പിന്നിലുമുള്ളത്. ചിലപ്പോൾ മാത്രം പനിയുടെ ലക്ഷണങ്ങളിലേക്ക് മാറും”- ഡോ. അതുൽ ഗോയൽ വ്യക്‌തമാക്കി.

”രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്‌തിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കണക്കുകൾ ഞങ്ങൾ പരിശോധിച്ചു. ഡിസംബർ മാസത്തിൽ വലിയ തോതിലുള്ള വർധനവൊന്നും റിപ്പോർട് ചെയ്‌തില്ല. അത്തരത്തിലുള്ള കേസുകൾ രാജ്യത്തെ ആരോഗ്യ സ്‌ഥാപനവും നൽകിയിട്ടില്ല. ശൈത്യകാലത്ത് സാധാരണ നിലയിലുള്ള വൈറസ് വ്യാപനം മാത്രമേ ഉണ്ടായിട്ടുള്ളൂ. സ്‌ഥിതിഗതികൾ ദേശീയ ആരോഗ്യമന്ത്രാലയം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. അതിനാൽ തന്നെ സാധാരണ എടുക്കേണ്ട തരത്തിലുള്ള മുൻകരുതലുകളാണ് പൊതുജനങ്ങൾ സ്വീകരിക്കേണ്ടത്”- ഡോ. അതുൽ ഗോയൽ വിശദമാക്കി.

കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ പറയുന്നത്. രോഗം മൂലം നിരവധി മരണങ്ങൾ സംഭവിച്ചതായും ചൈന ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചുവെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല.

ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്‌സ് ഹാൻഡിലുകൾ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിൽസയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കുട്ടികളിലും പ്രായമായവരിലുമാണ് എച്ച്എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയിൽ പടരുന്ന വൈറസാണ് എച്ച്എംപിവി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്‌തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.

ന്യൂമോവിരിഡേ ഗണത്തിൽപ്പെട്ട എച്ച്എംപിവി ആദ്യമായി സ്‌ഥിരീകരിച്ചത്‌ 2001ലാണ്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദഗ്‌ധർ പറയുന്നു. ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും. നിലവിൽ എച്ച്എംപിവി വൈറസിന് പ്രത്യേക ചികിൽസയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്‌ധർ പറയുന്നു.

Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE