ന്യൂഡെൽഹി: നാടുകടത്താനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർഥിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്‌ഥർ അതിക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്. ന്യൂജഴ്‌സിയിലെ നെവാർക്ക് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.
വിദ്യാർഥിയോട് അധികാരികൾ കുറ്റവാളിയെ പോലെ പെരുമാറുന്നത് വീഡിയോയിൽ വ്യക്‌തമാണ്. കാലുകളും കൈകളും ബന്ധിച്ചശേഷം തറയിൽ മുഖം അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുകയായിരുന്നു. രണ്ട് ഉദ്യോഗസ്‌ഥർ വിദ്യാർഥിയുടെ പിറകിൽ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്.
”നെവാർക്ക് വിമാനത്താവളത്തിൽ വെച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയെ കണ്ടു. കൈയിൽ വിലങ്ങുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു. ക്രിമിനലിനെ പോലെയായിരുന്നു അവനെ അവർ പരിഗണിച്ചത്. സ്വപ്‌നങ്ങളെ പിന്തുടർന്നാണ് അവൻ എത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എൻആർഐ എന്ന നിലയിൽ ഹൃദയം തകർന്നു. ഇത് മനുഷ്യദുരന്തമാണ്”- ജെയ്ൻ എക്‌സിൽ കുറിച്ചു.
വിഷയം അന്വേഷിക്കാനും വിദ്യാർഥിക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും യുഎസിലെ ഇന്ത്യൻ എംബസിയിൽ വിളിച്ചു ജെയ്ൻ ആവശ്യപ്പെടുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ വിഷയത്തിൽ ഇന്ത്യൻ എംബസി പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ പൗരൻമാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്‌ഞാബദ്ധമാണെന്നും എംബസി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
കുടിയേറ്റത്തിനെതിരായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കർശന നടപടിയുടെ ഭാഗമായി നൂറിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു. കുടിയേറ്റക്കാരെ കൈകൾ കെട്ടിയും കാലുകളിൽ ചങ്ങലയിട്ടതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മനുഷ്യത്വപരമായ രീതിയിൽ പൗരൻമാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം.
അതിനിടെ, കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്താനുള്ള ട്രംപിന്റെ നടപടിക്കെതിരെ കാലിഫോർണിയയിലെ ലൊസാഞ്ചലസിൽ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യ വകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്‌ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്‌ചയാണ് പ്രതിഷേധം ആരംഭിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ