ഇസ്ലാമാബാദ്: ഇന്ത്യൻനിർമിത മിസൈൽ അബദ്ധത്തിൽ പാക് വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്ഥാൻ. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
സംഭവത്തിൽ ഇന്ത്യ ഖേദപ്രകടനവും നടത്തിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. തുടർന്നാണ് ഉന്നതതല കോടതി അന്വേഷണത്തിന് പാകിസ്ഥാൻ ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാകിസ്ഥാൻ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മിസൈല്‍ പതിച്ച സംഭവം ഗൗരവതരവും സുരക്ഷാ സംബന്ധവും സാങ്കേതികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ നൽകിയ ലളിതമായ വിശദീകരണം തൃപ്തികരമല്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
Most Read: പഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിക്കും; അരവിന്ദ് കെജ്രിവാൾ