വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്. ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക വിദ്യാർഥിയാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.
വിദ്യാർഥിയെ ഇമിഗ്രേഷൻ ഉദ്യോഗസ്‌ഥർ പിടിച്ചുകൊണ്ടു പോയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. തിങ്കളാഴ്‌ച രാത്രി വിർജീനിയയിൽ ബാദർ താമസിച്ച വീട്ടിൽ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോയതെന്നാണ് റിപ്പോർട്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്നാണെന്ന് പറഞ്ഞെത്തിയ സംഘം സർക്കാർ ബാദറിന്റെ വിസ റദ്ദാക്കിയെന്നും അറിയിച്ചു.
ബാദർ ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും സാമൂഹിക മാദ്ധ്യമത്തിൽ യഹൂദ വിരോധം വളർത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്‌റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്‌ലോക്‌ലിൻ പറഞ്ഞത്. ഹമാസിന്റെ മുതിർന്ന ഉപദേശകൻ എന്ന് കരുതുന്ന ഭീകരനുമായി ബാദറിന് അടുത്ത ബന്ധമുണ്ട്. യുഎസിലെ ബാദറിന്റെ പ്രവർത്തനങ്ങളും സാന്നിധ്യവും ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്‌ട് പ്രകാരം നാടുകടത്താൻ ഉതകുന്നതാണെന്ന് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ടെന്നും ട്രിഷ്യ അറിയിച്ചു.
ഹമാസിനെ പിന്തുണച്ചെന്ന യുഎസിന്റെ ആരോപണത്തിൽ പ്രതിഷേധിച്ച്, കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്‌ജിനി ശ്രീനിവാസൻ സ്വയം നാടുകടന്നെന്ന വാർത്തകൾ വന്ന് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ഇന്ത്യക്കാരനും നാടുകടത്തൽ ഭീഷണി നേരിടുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്‌ജിനിയുടെ വിസ യുഎസ് റദ്ദാക്കിയത്.
യുഎസിൽ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്‌എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്‌ജിനി അറിയിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതിന് പിന്നാലെ മാർച്ച് പത്തിനാണ് ഡിഎച്ച്‌എസ് സിബിപി ആപ് ഔദ്യോഗികമായി പുറത്തിറക്കിയത്. വിസ റദ്ദാക്കപ്പെടുന്നവർക്ക്, നാടുകടത്തപ്പെടാൻ തങ്ങൾ തയ്യാറാണെന്ന് ഈ ആപ്പ് വഴി അറിയിക്കാൻ കഴിയും. നിയമം അനുശാസിക്കുന്ന ശിക്ഷ ഒഴിവാക്കി ഏറ്റവും സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള വഴിയായാണ് യുഎസ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ