കീവ്: യുക്രൈനിലെ സുമിയിൽ നിന്നും ഇന്നലെ ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ നിന്നും ലിവിവിലേക്ക് യാത്ര തിരിച്ചു. ട്രെയിൻ മാർഗം യാത്ര തിരിച്ച വിദ്യാർഥികൾ വൈകുന്നേരത്തോടെ ലിവിവിൽ എത്തും. തുടർന്ന് അവിടെ നിന്നും പോളണ്ട് അതിർത്തി വഴി ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
റഷ്യൻ ആക്രമണം രൂക്ഷമായതിനെ പിന്നാലെ തീവ്രബാധിത മേഖലയായ സുമിയിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും നിലവിൽ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. 694 ഇന്ത്യൻ വിദ്യാർഥികളെയാണ് ഇന്നലെ സുമിയിൽ നിന്നും പോൾട്ടോവയിൽ എത്തിച്ചത്. ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള വിമാന സർവീസുകൾ സജ്‌ജമാക്കുകയാണെന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
അതേസമയം യുക്രൈനിൽ മാനുഷിക ഇടനാഴി തുറന്ന പശ്‌ചാത്തലത്തിൽ ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി എംബസി രംഗത്തെത്തി. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും, ട്രെയിനോ, മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് പുറത്തു കടക്കാൻ ശ്രമിക്കണമെന്നും വ്യക്‌തമാക്കിയ എംബസി, സുരക്ഷിതമായി യാത്ര ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 5 യുക്രൈൻ നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സുമി, കീവ്, ചെര്‍ണിവ്, മരിയുപോള്‍, ഖാർകീവ് എന്നിവിടങ്ങളിലാണ് നിലവിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.
Read also: ദേശീയപാതാ വികസനം; സ്‌ഥലം ഏറ്റെടുത്തതോടെ പെരുവഴിയിലായി തെരുവത്ത് എയുപി സ്‌കൂൾ