കോഴിക്കോട്: ഒടുവിൽ ആശങ്കകൾ ഒഴിയുന്നു. സർക്കാർ വിരുദ്ധ കലാപത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി. കാഠ്‌മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് വിദേശ യാത്രക്കാർക്ക് വിസ, പുറപ്പെടൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി എമിഗ്രേഷൻ വകുപ്പ് താൽക്കാലിക നടപടികൾ സ്വീകരിച്ചതോടെയാണ് യാത്രയ്‌ക്ക് വഴിയൊരുങ്ങിയത്.
സെപ്‌തംബർ എട്ടുവരെ സാധുതയുള്ള വിസയുള്ള വിദേശ പൗരൻമാർക്ക് എമിഗ്രേഷൻ ഓഫീസുകളിലോ അല്ലെങ്കിൽ നേരിട്ട് പുറപ്പെടൽ പോയിന്റുകളിലോ അധിക ഫീസില്ലാതെ എക്‌സിറ്റ് പെർമിറ്റുകളും വിസ ക്രമപ്പെടുത്തലുമാണ് നടപ്പാക്കിയത്. നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേർ നാളെ തിരിച്ചെത്തും.
കാഠ്‌മണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് ഇവർ വിമാന മാർഗം എത്തുക. തുടർന്ന് റോഡ് മാർഗം കോഴിക്കോട് എത്തും. നേപ്പാളിൽ 400ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശങ്ങളിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി വഴി തിരിച്ചെത്തിച്ചു. ഡാർജിലിങ്ങിൽ പനിറ്റങ്കി അതിർത്തി കടന്നും ചിലർ ഇന്ത്യയിൽ തിരിച്ചെത്തി.
അതേസമയം, എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ വിദ്യാർഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങും. കേരള സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്. ഇന്റർനാഷണൽ സ്‌റ്റുഡൻസ് എക്‌സ്‌പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിയത്.
കാഠ്‌മണ്ഡുവിൽ നിന്ന് റോഡ് മാർഗം നേപ്പാൾ അതിർത്തി കടന്ന് ഗോരഖ്‌പൂരിലെത്തി അവിടെ നിന്ന് ഇവർ ട്രെയിൻ മാർഗം നാട്ടിലേക്ക് യാത്ര തുടരുമെന്നാണ് വിവരം. ‘ജെൻ സി’ പ്രക്ഷോഭത്തെ തുടർന്ന് കലാപം ആളിക്കത്തിയ കാഠ്‌മണ്ഡുവിൽ സ്‌ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നാണ് വിവരം.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം