ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ എന്നിവരുമായി ഔദ്യോഗിക വസതിയിൽ വെച്ചാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഭീകരതയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും സൈന്യത്തിൽ തനിക്ക് പൂർണവിശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്. 26 വിനോദസഞ്ചാരികളാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
അതേസമയം, കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, സുരക്ഷാ ഏജൻസികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ സർക്കാർ താഴ്വരയിലുടനീളമുള്ള 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചു പൂട്ടാൻ ഉത്തരവിട്ടു.
Most Read| ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ