ന്യൂഡൽഹി/ടോക്കിയോ/മെൽബൺ: ചൈനക്കെതിരെ പുതിയ യുദ്ധമുറകൾ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സാമ്പത്തിക രംഗത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും. മൂന്ന് രാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന വീഡിയോ കോൺഫറൻസ് ഏറെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജപ്പാനിലെ സാമ്പത്തിക വാണിജ്യകാര്യ മന്ത്രി ഹിരോഷി കാജിയാമ, ഇന്ത്യയുടെ പിയുഷ് ഘോയൽ, ഓസ്ട്രേലിയയുടെ സൈമൺ ബർമ്മിങ്‌ഹാം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
മൂന്നു രാജ്യങ്ങളും ഒരുമിച്ചു നിന്നുകൊണ്ട് മേഖലയിലെ ചൈനീസ് മേൽക്കൈ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് തുടക്കമിടുന്നത്. വ്യാപാരമേഖലയിലെ അപ്രമാദിത്തത്തിനു പുറമേ മറ്റ് രാജ്യങ്ങളുടെ അതിർത്തികളിലേക്കുള്ള ചൈനീസ് കടന്നു കയറ്റത്തിലും പല ലോകരാജ്യങ്ങളും അതൃപ്തി പരസ്യമാക്കിയിരുന്നു.