ന്യൂഡെൽഹി: വീഴ്‌ച സംഭവിച്ചത് ഇൻഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്‌തമാക്കി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സിഇഒ ഇക്കാര്യം തുറന്നുസമ്മതിച്ചത്. ശനിയാഴ്‌ച വൈകുന്നേരം ഡെൽഹിയിൽ വെച്ചാണ് വ്യോമയാന മന്ത്രിയും ഡിജിസിഎ അധികൃതരും ഇൻഡിഗോ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തിയത്.
യോഗത്തിൽ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നടത്തിയത്. കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ചകൾ അവർ എണ്ണിപ്പറഞ്ഞു. എഫ്‌ഡിടിഎല്ലിന്റെ പുതിയ വ്യവസ്‌ഥകൾ പ്രകാരം പല സർവീസുകൾ പുനഃക്രമീകരിക്കാനും, പൈലറ്റുമാരുടെയും എയർഹോസ്‌റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇൻഡിഗോയ്‌ക്ക് കഴിഞ്ഞില്ല.
യോഗത്തിന് ശേഷം, ശനിയാഴ്‌ച രാത്രിയോടെയാണ് ഇൻഡിഗോ സിഇഒയ്‌ക്ക് തന്നെ നേരിട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിന്, ഞായറാഴ്‌ച രാത്രിക്കകം തന്നെ പീറ്റർ എൽബേഴ്‌സ് മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. മറുപടി തൃപ്‌തികരമല്ലെങ്കിൽ കർശനമായ നടപടി ഉണ്ടാകുമെന്നും താക്കീത് നൽകിയിട്ടുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ പീറ്റർ എൽബേഴ്‌സിനെ സിഇഒ സ്‌ഥാനത്ത് നിന്ന് നീക്കാനും ഇൻഡിഗോ തീരുമാനമെടുത്തേക്കാം എന്നും വിവരമുണ്ട്. അതേസമയം, റീഫണ്ട് സംബന്ധിച്ച് ഇൻഡിഗോയ്‌ക്ക് അനുവദിച്ചിരുന്ന സമയം ഇന്ന് രാത്രി എട്ടുമണിയോടെ അവസാനിക്കും. കാണാതായ ലഗേജുകൾ കണ്ടെത്തി തിരികെ നൽകുക, റീഷെഡ്യൂൾ ചെയ്‌ത് നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് നൽകിയിരിക്കുന്ന സമയം നാളെ അവസാനിക്കും.
തിങ്കളാഴ്‌ചയോടെ സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം. ഇക്കാര്യങ്ങൾ പാലിക്കപ്പെടാത്തപക്ഷം കടുത്ത നടപടികളായിരിക്കും ഇൻഡിഗോ നേരിടേണ്ടിവരിക. ഡിജിസിഎ രൂപീകരിച്ച അന്വേഷണ കമ്മിറ്റി അടുത്ത 15 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട് നൽകും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































