ന്യൂഡെൽഹി: ഒരാഴ്‌ചയോളം നീണ്ട പ്രതിസന്ധികൾക്ക് ശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. വിമാന സർവീസുകളിൽ ഭൂരിഭാഗവും പുനഃസ്‌ഥാപിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീഫണ്ടായി ഇതുവരെ മടക്കി നൽകിയത് 610 കോടി രൂപയാണ്.
ഞായറാഴ്‌ച രാത്രി എട്ടിന് മുൻപ് റീഫണ്ട് തുക നൽകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശം. വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ 3000 ബാഗേജുകൾ യാത്രക്കാരുടെ വിലാസങ്ങളിൽ കമ്പനി എത്തിച്ചുകൊടുത്തു. ബാഗുകൾ എത്തിക്കാൻ 48 മണിക്കൂർ സമയമാണ് കേന്ദ്രം അനുവദിച്ചത്.
ഇന്ന് ഇൻഡിഗോ 1650 സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച ഇത് 1565 സർവീസുകളും വെള്ളിയാഴ്‌ച ഇത് 706 സർവീസുമായിരുന്നു. നേരത്തെ, സർവീസുണ്ടായിരുന്ന 138 വിമാനത്താവളങ്ങളിൽ 135ലേക്കും ഇന്ന് സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു.
ഡിസംബർ 15 വരെ റദ്ദാക്കുന്ന എല്ലാ സർവീസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സർവീസുകൾ പൂർവസ്‌ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇൻഡിഗോ അറിയിച്ചു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി







































