ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഗർഭസ്‌ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിന്റെ എസ് 4 കോച്ചിലെ ഒരു സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇത് കുഞ്ഞിന്റേതാണോ എന്നറിയാനായി പരിശോധന നടത്തും.
എസ് 4, എസ് 3 എന്നീ കോച്ചുകളിൽ യാത്ര ചെയ്‌തവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി. എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. ഈ സാഹചര്യത്തിൽ രണ്ട് കോച്ചുകളിലെയും മുഴുവൻ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
വ്യാഴാഴ്‌ച രാത്രി ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ധൻബാദ്-ആലപ്പുഴ എക്‌സ്‌പ്രസിന്റെ രണ്ട് കോച്ചുകൾക്കിടയിലെ ചവറ്റുകുട്ടയിലായിരുന്നു മൃതശരീരം. ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളികളാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭ്രൂണത്തിന് മൂന്ന് മുതൽ നാലുമാസം വരെ പ്രായമുണ്ടെന്നാണ് ഡോക്‌ടർമാരുടെ നിഗമനം. ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് തിരിച്ചറിയാനാകാത്ത അവസ്‌ഥയിലാണ്.
Most Read| 2022ൽ ട്രംപ് ആയിരുന്നു പ്രസിഡണ്ടെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നു; പുട്ടിൻ