കൊച്ചി: അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്ളാസ്റ്റിക് വ്യവസായങ്ങള്‍ വൻ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം പല യൂണിറ്റുകള്‍ക്കും പ്രവര്‍ത്തന ശേഷിയുടെ അന്‍പത് ശതമാനത്തില്‍ താഴെ മാത്രമേ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുള്ളു. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന പ്ളാസ്റ്റിക് വ്യവസായ മേഖലയില്‍ 1340 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
പ്ളാസ്റ്റിക് വ്യവസായ മേഖലയിലെ പ്രധാന അസംസ്കൃത വസ്തുക്കളായ വിവിധതരം പോളിമറുകള്‍ക്ക് 50 മുതല്‍ 155 ശതമാനം വരെയാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ദ്ധിച്ചത്. ഉൽപാദന ചെലവിലും ഫീഡ് സ്റ്റോക്കിലും മാറ്റമില്ലാതിരുന്നിട്ടും സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ കമ്പനികള്‍ യോജിച്ച് വില വര്‍ദ്ധിപ്പിക്കുക ആയിരുന്നു.
ലഭ്യതക്കുറവ് മൂലം വിപണിയില്‍ നിന്ന് കിലോക്ക് 15 മുതല്‍ 20 രൂപ വരെ അധികം നല്കി അസംസ്കൃത വസ്തുക്കള്‍ വാങ്ങേണ്ട ഗതികേടിലാണ് പ്ളാസ്റ്റിക് വ്യവസായികള്‍. കയറ്റുമതി രംഗത്ത് ആഗോള ഓര്‍ഡറുകള്‍ സമയത്ത് നല്കാന് കഴിയാത്ത പ്രതിസന്ധിയിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍.
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവും പ്ളാസ്റ്റിക് പൈപ്പുകള്‍, ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം , വാട്ടര്‍ ടാങ്കുകള്‍, നെയ്ത ചാക്കുകള്‍ എന്നിവയുടെ വിലയെയും ബാധിക്കും. കളിപ്പാട്ട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.
പ്ളാസ്റ്റിക് ഉൽപ്പന്നങ്ങള്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന മറ്റു മേഖലകള്‍ക്കും ഉൽപാദന ചെലവില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്ന് കേരള പ്ളാസ്റ്റിക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണ ഭട്ട് കാക്കുഞ്ചേ, ജനറല്‍ സെക്രട്ടറി എംഎസ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
പോളിമര്‍ അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രതികൂലമായി ബാധിച്ചതിനാല്‍ ഇവയുടെ കയറ്റുമതി ഒരു വര്‍ഷത്തേക്കെങ്കിലും നിരോധിക്കണമെന്ന് അസോസിയേഷന് മുന്‍ പ്രസിഡണ്ട് പിജെ മാത്യു ആവശ്യപ്പെട്ടു.
അസംസ്കൃത വസ്തുക്കള്‍ ന്യായമായ വിലക്ക് ആവശ്യാനുസരണം ലഭ്യമാക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍, ഗെയില്‍, ഒപാല്‍, ഹാല്‍ഡിയ പെട്രോകെമിക്കല്‍സ്, എംആര്‍പിഎല്‍ എന്നിവക്ക് നിര്‍ദേശം നല്‍കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
National News: ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി