ഇൻസ്‌പയറിങ് യങ് വുമൺ അവാർഡ് സുസ്‌മിത എം. ചാക്കോക്ക്

അധ്യാപക ജോലി ഉപേക്ഷിച്ച് നൂറ്റിഇരുപതോളം വരുന്ന നിരാലംബര്‍ക്ക് തണലേകുന്ന കാസർഗോഡ് ആസ്‌ഥാനമായ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നത് പരിഗണിച്ചാണ് സുസ്‌മിത എം. ചാക്കോ അവാർഡിന് അർഹയായത്.

By Senior Reporter, Malabar News
inspiring young woman award
Ajwa Travels

കാസർഗോഡ്: ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്‌മരണയ്‌ക്കായി എറണാകുളത്തെ മരട് സെന്റ് ജാന്നാ പള്ളി നല്‍കുന്ന അപൂര്‍വ 2025Inspiring Young Woman Award’ സുസ്‌മിത എം. ചാക്കോക്ക് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സമ്മാനിച്ചു.

പിതാവിന്റെ മരണത്തിന് ശേഷം അധ്യാപക ജോലി ഉപേക്ഷിച്ച് നൂറ്റിഇരുപതോളം വരുന്ന നിരാലംബര്‍ക്ക് ആശ്രയമായ കാസർഗോഡ് – മലപ്പന്‍ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് പരിഗണിച്ചാണ് സുസ്‌മിതയെ അവാർഡിന് തിരഞ്ഞെടുത്തത്.

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടും, വെല്ലുവിളികളോടും, ആത്‌മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18നും 35നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് ജാതിമത ഭേദമന്യേ അവാർഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

സുസ്‌മിതയുടെ പിതാവായ എംഎം ചാക്കോ തുടങ്ങിയതാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം. എഴുപത്തഞ്ച് ശതമാനം വികലാംഗനായിരുന്ന എംഎം ചാക്കോ ആകസ്‌മികമായി മരണപെട്ടപ്പോൾ ഇരുപത്തിയഞ്ച് വയസ് എന്ന തന്റെ പ്രായം പോലും വകവയ്‌ക്കാതെ പിതാവ് ആരംഭിച്ച കേന്ദ്രത്തിന്റെ ചുമതല സുസ്‌മിത ഏറ്റെടുക്കുകയും നിരാലംബരുടെയും അശരണരുടെയും പരിചരണത്തിനും ക്ഷേമത്തിനുമായി മുന്നോട്ടുവരികയും ചെയ്‌തു.

നേടിയെടുത്ത അധ്യാപക ജോലിയും പഠനവുമെല്ലാം നിരാശ്രയരുടെ കണ്ണീരൊപ്പുന്നതിനായി സമർപ്പിച്ചതും തന്റെ പിതാവിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സുസ്‌മിത ഒരുപാട് തെരുവ് ജീവിതങ്ങൾക്ക് അഭയം നൽകി പ്രചോദനാത്‌മക ജീവിതം നയിക്കുന്നതും അവാർഡ് കമ്മിറ്റി പരിഗണിച്ചു.

NMPC Trust in Kasargod
ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം (കടപ്പാട്: FB/NMPCTrust)

വൃക്കദാനം നടത്തി മാതൃക കാണിച്ചിട്ടുള്ള, സത്യദീപം മുൻ ചീഫ് എഡിറ്റർ ആയിരുന്ന ഫാ. ചെറിയാന്‍ നേരേവീട്ടിൽ 49ആം വയസിൽ, 2021 മെയ്‌ 27നാണ് അന്തരിച്ചത്. മരണപ്പെടുമ്പോൾ എറണാകുളം–അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു. കൊച്ചിയിലെ, മരട് പിഎസ് മിഷന്‍ ആശുപത്രിക്ക് സമീപം 2021 മെയ്‌ 13ന് വൈകുന്നേരം നടക്കുമ്പോഴാണ് ബൈക്ക് ഇടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതും ചികിൽസക്കിടയിൽ മരണമടഞ്ഞതും. ഇദ്ദേഹത്തിന്റെ ഓർമയ്‌ക്കായി സ്‌ഥാപിച്ചതാണ് അപൂര്‍വ 2025 ‘Inspiring Young Woman Award‘.

അനുസ്‌മരണ സമ്മേളനം ദലീമ ജോജോ MLA ഉൽഘാടനം നിർവഹിച്ചു. അതിരൂപതാ സാമൂഹ്യ സേവന ഡയറക്‌ടർ ഫാ. ജോസ് കൊളുത്തുവെള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മരട് നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, ചെറിയാച്ചന്റെ പിതാവ് ജോസഫ് നേരേവീട്ടില്‍, കുമാരി അനൈഡ സ്‌റ്റാന്‍ലി, വികാരി ഫാ സേവി പടിക്കപറമ്പില്‍, കണ്‍വീനര്‍ രൂപ അഭിലാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Most Read| പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE