ന്യൂഡെൽഹി: 2020ലെ ഡെൽഹി കലാപം ഗൂഢാലോചനക്കേസിൽ അറസ്‌റ്റിലായ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയെ എതിർക്കവേ ചെങ്കോട്ട സ്‌ഫോടനത്തെ പരാമർശിച്ച് ഡെൽഹി പോലീസ്. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണെന്ന് ഡെൽഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു സുപ്രീം കോടതിയിൽ പറഞ്ഞു.
ബുദ്ധിജീവികൾ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെ ഡോക്‌ടർമാരും എൻജിനിയർമാരും ആയ ശേഷം രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടകരമാണ്. വിദ്യാഭ്യാസമില്ലാത്ത തീവ്രവാദികളേക്കാൾ രാജ്യസുരക്ഷക്ക് ഭീഷണി ഇത്തരക്കാരാണ്. ഇവർ ബുദ്ധിജീവികളാണ് എന്നൊരു വാദം ജാമ്യാപേക്ഷകളിൽ ഉയർത്തുകയും ചെയ്യുമെന്നും അഡീ. സോളിസിറ്റർ ജനറൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ യഥാർഥ ലക്ഷ്യം ഭരണകൂടത്തെ വീഴ്‌ത്തുകയെന്നതും രാജ്യത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡെൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയത്.
ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡെൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അറസ്‌റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണ് പോലീസ് ആരോപിക്കുന്നത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!








































