വാഷിങ്ടൻ: ഇന്ത്യയും യുഎസും 48 മണിക്കൂറിനുള്ളിൽ ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്. വ്യാപാരക്കരാർ ചർച്ചയ്‌ക്കായി വാഷിങ്‌ടണിലെത്തിയ രാജേഷ് അഗർവാൾ നേത്യത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവെച്ചിട്ടുണ്ട്.
ഇന്ത്യയ്‌ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാന ദിവസമായ ജൂലൈ ഒമ്പതിന് മുൻപ് കരാറിൽ തീരുമാനത്തിൽ എത്താനാണ് ഇന്ത്യയുടെ ശ്രമം. ജനിതക മാറ്റം വരുത്തിയ വിളകൾക്കായി ഇന്ത്യ വിപണി തുറന്നുകൊടുക്കണമെന്ന യുഎസിന്റെ ആവശ്യത്തിൽ ഉൾപ്പടെ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ, അരി, ഗോതമ്പ് എന്നിവയ്‌ക്കുള്ള തീരുവയിൽ ഇളവ് വരുത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ നിരസിച്ചു. ഇന്ത്യൻ കാർഷിക, ക്ഷീര വിപണികൾ കൂടുതൽ തുറന്ന് നൽകണമെന്ന യുഎസിന്റെ ആവശ്യത്തിലും ഇന്ത്യ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ഗ്രാമീണ ജനതയുടെ വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാൽ കാർഷിക, ക്ഷീര മേഖലകൾ ഇടക്കാല കരാറിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ചെരുപ്പ്, തുണിത്തരങ്ങൾ, ലതർ തുടങ്ങിയവയുടെ കയറ്റുമതിക്ക് തീരുവ ഇളവ് ലഭ്യമാക്കാൻ യുഎസിനുമേൽ ഇന്ത്യ സമ്മർദ്ദം തുടരുകയാണ്.
ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പ്രതികരിച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അവസാന ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നും ലെവിറ്റ് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി