51ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. വിഖ്യാത സംവിധായകന് സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അദ്ദേഹത്തിനായി ആണ് ഇത്തവണത്തെ മേള സമര്‍പ്പിച്ചിക്കുന്നത്. ഇന്നലെ വൈകിട്ട് കല അക്കാദമിയില്‍ വെച്ചാണ് മേളയുടെ ഉല്‍ഘാടന ചടങ്ങ് നടന്നത്. ജനുവരി 24ന് മേള അവസാനിക്കും.
ഇന്‍ര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ് ഇത്തവണത്തെ മേള നടക്കുന്നത്. ഇതാദ്യമായാണ് ഹൈബ്രിഡ് രീതിയില്‍ മേള നടക്കുന്നത്.
നിരവധി താരങ്ങളാണ് രാജ്യാന്തര ചലച്ചിത്ര മേളക്ക് ആശംസകള്‍ നേർന്ന് രംഗത്തെത്തിയത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും മേളക്ക് എല്ലാവിധ ആശംസകളും അറിയിച്ചിട്ടുണ്ട്. ‘വിനോദത്തിനപ്പുറം ലോകമെമ്പാടുമുള്ള ഫിലിം ഇന്‍ഡസ്ട്രികള്‍ക്ക് ഒരുമിക്കാനുള്ള ഒരു പുതിയ പാത ഇതിലൂടെ തുറക്കപ്പെടട്ടെ’, എന്നായിരുന്നു താരത്തിന്റെ ആശംസ.
മോഹന്‍ലാലിന് പുറമെ പ്രശസ്ത അഭിനേതാക്കളായ അനുപം ഖേര്‍, വിദ്യ ബാലന്, രണ്‍വീര്‍ സിംഗ്, സിദ്ധാന്ത് ചതുര്‍വേദി, അപര്‍ശക്തി ഖുറാന, അനില്‍ കപൂര്‍, മാധുരി ദീക്ഷിത് എന്നിവരും മേളക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ആകെ 224 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉല്‍ഘാടന ചിത്രം ഡാനിഷ് സംവിധായകന് തോമസ് വിന്റര്‍ബെര്‍ഗിന്റെ ‘അനതര്‍ റൗണ്ടാ’ണ്. പനോരമ വിഭാഗത്തില്‍ 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും ആണുള്ളത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ സിനിമയും മേളയില്‍ ഇടം നേടിയിട്ടുണ്ട്.
പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്‘, ഫഹദ് ഫാസിലിന്റെ അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്‘, നിസാം ബഷീര്‍ സംവിധാനം ചെയ്ത ആസിഫ് അലി നായകനായെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ‘, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ‘, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള‘ എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍. അതേസമയം ശരണ്‍ വേണുഗോപാലിന്റേ ‘ഒരു പാതിരാസ്വപ്നം പോലെ‘ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിട്ടുള്ള മലയാള സിനിമ.
Read Also: കോടതികളെ വിമർശിക്കാനുള്ള അവകാശം പൊതുജനങ്ങൾക്ക് വേണം; ഹരീഷ് സാൽവെ