കൊച്ചി: രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ബ്രോക്കർമാരായ തൃശൂർ വലപ്പാട് സ്വദേശി സാബിത്ത്, ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം, ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റായ ബല്ലംകൊണ്ട രാമപ്രസാദ് എന്നിവരാണ് അറസ്‌റ്റലായത്. ഇറാനിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന കൊച്ചി സ്വദേശി മധുവിനെ കണ്ടെത്താൻ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.
സാബിത്ത്, സജിത്ത് എന്നിവരുടെ ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം അന്വേഷണ സംഘം രാമപ്രസാദിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അറസ്‌റ്റിലായ മലയാളികളേക്കാൾ രാജ്യാന്തര അവയവക്കച്ചവട സംഘത്തിന്റ ഉള്ളറകൾ അറിയുന്ന ആളാണ് രാമപ്രസാദ്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും വ്യാപിച്ച് കിടക്കുന്ന കണ്ണികളാണ് സംഘത്തിലുള്ളത്.
രാമപ്രസാദിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം വിപുലീകരിക്കും. അന്വേഷണത്തിന്റെ രണ്ടാംഘട്ടം റാക്കറ്റിന്റെ ഭാഗമായ സ്‌ഥാപനങ്ങളിൽ കേന്ദ്രീകരിക്കും. ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ, ക്ളിനിക്കുകൾ എന്നിവിടങ്ങളിലും സംഘത്തിന് കണ്ണികളുണ്ട്. യൂറോപ്പിനേക്കാൾ കുറഞ്ഞ ചിലവിൽ അവയവമാറ്റ ശസ്‌ത്രക്രിയ നടത്താൻ ഏഷ്യയിൽ കഴിയും. ഇതാണ് ഇറാൻ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് അവയവക്കച്ചവടം വ്യാപിക്കാൻ കാരണം. ഇറാനിലാകട്ടെ അവയവക്കച്ചവടം കുറ്റകരവുമല്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് സാബിത്ത് പിടിയിലാകുന്നത്. 2019ൽ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത തിരിച്ചറിയാൻ തുടങ്ങിയതെന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി. അഞ്ചുവർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയതെന്ന് സാബിത്ത് എൻഐഎക്ക് മൊഴി നൽകി.
വ്യാജ പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവ തയ്യാറാക്കിയാണ് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇതുവരെ ഇറാനിലേക്ക് കടത്തിയതായും സാബിത്ത് മൊഴി നൽകിയിട്ടുണ്ട്. പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത്. ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്ന് വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്.
ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചുവെന്നും വിവരമുണ്ട്. പത്ത് ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും ആറുലക്ഷം വരെയൊക്കെയാണ് നൽകുന്നതെന്നും സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്. ആൾക്ക് ഒന്നിന് അഞ്ചുലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മീഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്‌ക്കാണ് അവയവക്കടത്ത് സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സാബിത്ത് നൽകിയ മൊഴികൾ അടിസ്‌ഥാനമാക്കിയാണ് കേസിൽ കൂടുതൽ പേർ പിടിയിലായത്.
Most Read| വിധി കാത്ത് രാജ്യം; വോട്ടെണ്ണൽ ആരംഭിച്ചു- നെഞ്ചിടിപ്പോടെ മുന്നണികൾ