തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട് കൈമാറി. ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോർട് രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയത്.
സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷൻ ഗവർണർക്ക് റിപ്പോർട് നൽകിയത്. മാർച്ചിലാണ് ചാൻസലർ കൂടിയായ ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചത്. മുൻ വയനാട് ഡിവൈഎസ്‌പി വി.ജി കുഞ്ഞനെ അന്വേഷണ സഹായിയായും നിയമിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട് സമർപ്പിക്കാനായിരുന്നു നിർദ്ദേശം.
വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ, ഡീൻ, സിദ്ധാർഥന്റെ രക്ഷിതാക്കൾ, സഹപാഠികൾ, അധ്യാപകർ, പ്രതിപ്പട്ടികയിലുള്ള രണ്ടു വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പടെ 29 പേരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു. സംഭവം തടയുന്നതിൽ വിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്‌ചയും ക്യാമ്പസിന്റെയും ഹോസ്‌റ്റലിന്റെയും പ്രവർത്തനത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകളെ കുറിച്ചും കമ്മീഷൻ അന്വേഷിച്ചിരുന്നു.
ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നടപടികളും കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യും. രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥനെ ഫെബ്രുവരി 18നാണ് ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെ തുടർന്ന് സിദ്ധാർഥൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം








































