തിരുവനന്തപുരം: സംസ്‌ഥാനത്ത് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പടെ ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. ആകെ 11 പേർക്കാണ് മാറ്റം. ഇഡി ഉദ്യോഗസ്‌ഥനെ അഴിമതിക്കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി.
പോക്‌സോ കേസ് വിവാദത്തിൽപ്പെട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതലയും നൽകി. പത്തനംതിട്ട എസ്‌പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്‌റ്റന്റ് ഐജി ആയാണ് നിയമിച്ചത്. പകരം ആർ. ആനന്ദ് പത്തനംതിട്ട എസ്‌പി ആകും.
കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്‌ണു പ്രദീപ് കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടായി ചുമതലയേൽക്കും. അരുൾ ആർ.ബി കൃഷ്‌ണയെ പോലീസ് ബറ്റാലിയൻ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.
അതിനിടെ, പോക്‌സോ കേസിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്‌ചയുണ്ടായതിൽ സ്‌ഥലം മാറ്റത്തിന് ശുപാർശ ചെയ്‌ത പത്തനംതിട്ട എസ്‌പി വി.ജി വിനോദ് കുമാറിനെ ഉയർന്ന പോസ്‌റ്റിൽ നിയമിച്ചത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്‌സോ കേസിൽ വിനോദിന് ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഡിഐജി അജിത ബീഗം റിപ്പോർട് സമർപ്പിച്ചിരുന്നു. തുടർന്ന് വിനോദിനെ സ്‌ഥലം മാറ്റാൻ ഐജി ശുപാർശ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് കുമാറിനെ പോലീസ് ആസ്‌ഥാനത്ത് എഐജിയായി നിയമിച്ചത്.
Most Read| സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം






































