ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ നശീകരണ കപ്പലിനെ നേരിടാനാണ് ഇറാൻ സൈന്യം ഹെലികോപ്‌ടർ അയച്ചത്.
ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘർഷത്തിന് ശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘർഷ സമയത്ത് ഇറാൻ ആക്രമണ കേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു. ബുധനാഴ്‌ച, യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്‌ടർ, സമുദ്രാതിർത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
ഇതോടെ വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തി. ഇതിന് മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂർണ സംരക്ഷണത്തിലാണ് ഹെലികോപ്‌ടർ എന്ന് ഇറാൻ വ്യക്‌തമാക്കി. പിന്നാലെ യുഎസ് യുദ്ധക്കപ്പൽ തെക്കോട്ട് പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്‌തമാക്കിയിട്ടില്ല.
Most Read| പ്രധാനമന്ത്രി പങ്കെടുക്കും; ഓപ്പറേഷൻ സിന്ദൂർ രാജ്യസഭ ചർച്ച ചെയ്യും