ടെഹ്റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭമെങ്കിൽ നൂറുകണക്കിന് നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. 2500 പേരെ കരുതൽ തടങ്കലിലാക്കി. രാജ്യത്ത് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്.
ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ച, വിലക്കയറ്റം എന്നിവ ഉയർത്തി ഡിസംബർ 28നാണ് ഇറാൻ ജനത പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ഒരുവർഷമായി ഇറാൻ കറൻസിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഇതോടെ ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി.
കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. കഴിഞ്ഞ ജൂണിലെ ഇസ്രയേൽ- യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറാനിലുണ്ടാകുന്ന ഏറ്റവും വലിയ പ്രക്ഷോഭമായി ഇപ്പോഴത്തെ സമരം മാറിയിട്ടുണ്ട്. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിതി നിരീക്ഷിച്ച് ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് വേണ്ട സഹായം നൽകുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യ പൗരൻമാരെല്ലാം എംബസിയിൽ രജിസ്റ്റർ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിഷേധം അടിച്ചമർത്താൻ സുരക്ഷാ സേന ശ്രമിച്ചതോടെയാണ് ഇറാനിൽ മരണസംഖ്യ ഉയർന്നത്. അതേസമയം, ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാൽ യുഎസ് ഇടപെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 1979ൽ ഇസ്ലാമിക് ഭരണകൂടം വന്നതുമുതൽ ഇറാനുമായി ശത്രുതയിലാണ് യുഎസ്. അമേരിക്കയുടെ ഇടപെടലുകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി








































