ടെഹ്റാൻ: അമേരിക്കയുടെയും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും കടുത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ, ഒമാൻ കടലിൽ വ്യാഴാഴ്ച ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം.
മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടക്കാൻ പോകുന്നത്.
കടൽ സുരക്ഷ ശക്തിപെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിന്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്സൂദ്ലൂ പറഞ്ഞു. ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസം ശക്തമാക്കിയിരുന്നു.
Most Read| ജയലക്ഷ്മി തീപിടിത്തം; 50 കോടി രൂപയുടെ നഷ്ടം, കാരണം കണ്ടെത്താനായില്ല




































