ടെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ, ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയ്യാറെടുക്കുന്നുവെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്.
അതിനിടെ, ഇറാനിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിന് ഇലോൺ മസ്കിന്റെ സഹായം തേടുമെന്ന് ട്രംപ് അറിയിച്ചു. പ്രക്ഷോഭങ്ങൾക്കിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 പിന്നിട്ടതോടെയാണ് ശക്തമായ താക്കീതുമായി ട്രംപ് രംഗത്തെത്തിയത്.
അതേസമയം, ഇറാനിയൻ സുരക്ഷാസേന ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി റെസ പഹ്ലവി രംഗത്തെത്തി. സുരക്ഷാ സേനയ്ക്ക് പുറമെ സർക്കാർ ജീവനക്കാരും പ്രതിഷേധക്കാർക്കൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
”സുരക്ഷാ സേനകളിലെ അംഗങ്ങൾക്കും സർക്കാർ ജീവനക്കാർക്ക് മുന്നിൽ ഒരു വഴിയുണ്ട്. ജനങ്ങൾക്കൊപ്പം അണിനിരക്കുക. അല്ലെങ്കിൽ കൊലപാതകികളുമായി കൂട്ടുകൂടുക”- റെസ പഹ്ലവി സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
അതിനിടെ, സൈനിക നടപടി ഉണ്ടായാൽ യുഎസ് സൈനികരെയും ഇസ്രയേലിനെയും ലക്ഷ്യം വയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ എല്ലാ സൈനിക കേന്ദ്രങ്ങളും യുദ്ധ കപ്പലുകളും ആയിരിക്കും ആദ്യം ആക്രമിക്കുകയെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഹ് വ്യക്തമാക്കി.
ഇറാനിലെ 31 പ്രവിശ്യകളിലായി 180ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം മുതൽ 18 ലക്ഷം വരെ ആളുകൾ തെരുവിലിറങ്ങിയതായാണ് ഇന്റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രക്ഷോഭം മൂന്നാഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തുടനീളം 10,600ലധികം ആളുകളാണ് അറസ്റ്റിലായതെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































