വാഷിങ്ടൻ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദ്ദമാണ് ട്രംപ് ഉയർത്തുന്നത്. നേരത്തെ, ഇറാനിൽ സൈനിക ഇടപെടൽ നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് തീരുവ വർധിപ്പിച്ച് ഇറാനെ യുഎസ് സമ്മർദ്ദത്തിലാക്കിയത്. ട്രേഡിങ് ഇക്കണോമിക്‌സ് എന്ന സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ്.
”ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25% അധിക തീരുവ നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്. ഉടൻ പ്രാബല്യത്തിൽ വരും”- ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. അതേസമയം, ഇറാനെതിരെ വ്യോമാക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തിങ്കളാഴ്‌ച ഇക്കാര്യം വ്യക്‌തമാക്കിയിരുന്നു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































