ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ ബെംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. വൈകീട്ട് ഏഴരക്ക് ഫത്തോർദ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ആദ്യ മൽസരത്തിൽ ഗോവയോട് സമനില വഴങ്ങേണ്ടി വന്ന ബെംഗളുരുവിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. അതേസമയം ഒഡിഷ എഫ്‌സിയെ തോൽപ്പിച്ചാണ് ഹൈദരാബാദിന്റെ വരവ്.
രണ്ടാം കിരീടം ലക്ഷ്യമായിട്ടാണ് ഇത്തവണ കരുത്തുറ്റ താരനിരയുമായി ബെംഗളൂരു ഇറങ്ങുന്നത്. മികച്ച ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യമാണ് ബെംഗളൂരുവിനെ വേറിട്ട് നിർത്തുന്നത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മലയാളി താരം ആഷിഖ് കുരുണിയന്‍ എന്നിവര്‍ ടീമിന് മുതൽക്കൂട്ടാണ്.
അതിവേഗ വിങ്ങർ ഉദാന്ത സിങ്ങും, ഗോള്‍വലക്ക് മുന്നിലെ ചോരാത്ത കൈകളുമായി ഗുര്‍പ്രീത് സിങ് സന്ധുവും ബെംഗളൂരുവിന്റെ വിജയത്തിനായി പടപൊരുതുന്നു. പരിചയ സമ്പന്നരായ വിദേശ താരങ്ങളും ടീമിനുണ്ട്. ക്‌ളേയ്റ്റന്‍ സില്‍വ, ഒപ്‌സെത്, ദിമാസ് ഡെല്‍ഗാഡോ, എറിക് പാര്‍ത്താലു എന്നിവരെല്ലാം ടീമിന്റെ നിര്‍ണായക താരങ്ങളാണ്. മികച്ചൊരു തിരിച്ചു വരവാണ് ബെംഗളൂരു ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിലെ അവസാന സ്‌ഥാനക്കാരായ ഹൈദരാബാദ് ഇത്തവണ ശക്‌തമായ തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നത്. 18 മൽസരങ്ങളിൽ നിന്ന് ജയിച്ചത് രണ്ടെണ്ണം മാത്രമാണ്. എന്നാൽ ഇക്കുറി മികച്ച തുടക്കമാണ് ടീമിന് ലഭിച്ചത്. സ്‌പാനിഷ് താരങ്ങളുടെ നീണ്ട നിരയിലാണ് ഹൈദരാബാദിന്റെ വിശ്വാസം.
ഒഡെയ് ഒനെയ്‌ഡിയ, ലൂയിസ് സാസ്‌ത്രെ, അഡ്രിയെന്‍ സന്റാന, ഫ്രാന്‍ സന്റാസ എന്നിങ്ങനെ നീളുന്നു ടീമിന്റെ സ്‌പാനിഷ് കരുത്ത്. ഇവർക്ക് പുറമെ സൗവിക് ചക്രവര്‍ത്തി, ആദില്‍ ഖാന്‍, ലാല്‍ദന്‍മാവിയ റാള്‍ട്ടെ, ഗോളിയായി ലക്ഷ്‌മികാന്ത് കട്ടിമണി തുടങ്ങിയ ഇന്ത്യന്‍ കരുത്തര്‍ കൂടി ചേരുമ്പോള്‍ ഹൈദരാബാദ് ശക്‌തമാവുന്നു.
Read Also: പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം







































