ബെയ്‌റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം. ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് മേയർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്.
നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
അതിനിടെ, ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞദിവസം യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ ആശങ്കയുണ്ടെന്ന് യുഎസ് ബെന്യാമിൻ നെതന്യാഹു സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യ-വടക്കൻ ഇസ്രയേലിലെ ബിന്യാമിനയ്‌ക്ക് സമീപമുള്ള സൈനിക ക്യാംപിന് നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
നാല് സൈനികർ കൊല്ലപ്പെടുകയും ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മിസൈലുകൾ പ്രതിരോധിക്കാൻ സഹായിക്കുന്ന പുതിയ വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിന് കൈമാറുമെന്ന് യുഎസ് പ്രഖ്യാപിച്ച ദിവസമാണ് ഇസ്രയേലിന് നേർക്ക് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം ഉണ്ടായത്.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!