ഗാസ: ഗാസയിലും ലബനനിലും സിറിയയിലും ആക്രമണവുമായി ഇസ്രയേൽ. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ ‘സാധാരണം’ ആയെന്നും അദ്ദേഹം വിമർശിച്ചു.
കിഴക്കൻ ലബനനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ വ്യോമാക്രമണത്തിലാണ് 12 പേർ കൊല്ലപ്പെട്ടത്. യുദ്ധത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കുന്ന സിവിൽ ഡിഫൻസ് സേനയ്‌ക്ക് ഹിസ്ബുല്ലയുടക്കമുള്ള സംഘടനകളുമായി ബന്ധമില്ല. വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്.
ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പലസ്‌തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്ക് പരിക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. ഒക്‌ടോബർ ഏഴ് മുതലുള്ള ആക്രമണങ്ങളിൽ 43,764 പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ ലബനനിൽ 59 പേർ കൊല്ലപ്പെട്ടെന്നും 182 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബെയ്‌ത്ത് ലഹിയയിൽ മൂന്ന് ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് അവകാശപ്പെട്ടു. ദെയ്‌റൽ ബലാഹിലെ സംഭരണ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായി. 14 ട്രക്കിൽ നിന്ന് ഭക്ഷണം കവർന്നതായി യുഎൻ വക്‌താവ് അറിയിച്ചു.
Most Read| സംസ്‌ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്