ജറുസലേം: ഹമാസിനെ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിട്ടതായാണ് റിപ്പോർട്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
”ഗാസയിലെ കൂടുതൽ സ്‌ഥലങ്ങൾ പിടിച്ചടക്കാൻ ഞാൻ സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസ് എത്രത്തോളം ഇസ്രയേലികളെ ബന്ദികളാക്കുന്നോ അവർക്ക് കൂടുതൽ പ്രദേശങ്ങൾ നഷ്‌ടമാകും. ഇസ്രയേൽ ആ പ്രദേശങ്ങളെല്ലാം കീഴടക്കും. ഇസ്രയേലികളെയും സൈന്യത്തെയും സംരക്ഷിക്കുന്നതിനായി ഗാസയ്‌ക്ക് ചുറ്റുമുള്ള ബഫർ സോണുകൾ വികസിപ്പിക്കും”- ഇസ്രയേൽ കാറ്റ്സ് വ്യക്‌തമാക്കി.
ചൊവ്വാഴ്‌ച ഇസ്രയേൽ കരാർ ലംഘിച്ചതോടെ ഗാസയിൽ കര- വ്യോമാക്രമണം നടക്കുകയാണ്. തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടക്കുകയാണെന്നും സൈന്യം ബെയ്‌ത്ത് പട്ടണത്തിന്റെ വടക്കുവശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതുവരെ 600ഓളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്.
ജനുവരി 19ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ നടപടി. മധ്യ ഗാസയിലെ ദെയ്‌റ അൽ-ബാലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് ആക്രമണം രൂക്ഷം. ജനുവരിയിൽ യുഎസിന്റെ മധ്യസ്‌ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്‌ക്ക് പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
മൂന്ന് ഘട്ടങ്ങളിലായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതേ തുടർന്ന് ഇസ്രയേലും ഹമാസും തമ്മിൽ ആദ്യഘത്തിൽ ബന്ദികളെ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയെ അശാന്തമാക്കി വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി