ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്നാണ് റിപ്പോർട്. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് രേഖ ഹമാസിനും ഇസ്രയേലിനും ഖത്തർ കൈമാറിയതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്തറും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദ്ദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും. അതേസമയം, വിഷയത്തിൽ ഇസ്രയേലിന്റെയും ഹമാസിന്റെയും ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.
വെടിനിർത്തൽ കരാറിന്റെ കരട് നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നത്. ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
ട്രംപ് അധികാരമേൽക്കും മുൻപ് വെടിനിർത്തൽ സാധ്യമാക്കാനാണ് ശ്രമം. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കഴിഞ്ഞ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു.
2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം ആരംഭിച്ചത്. ഏറ്റുമുട്ടലിൽ 1208 ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടതായാണ് എഎഫ്പിയുടെ റിപ്പോർട്. ആക്രമണത്തിനിടെ ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരിൽ കുറേപ്പേർ മരിച്ചുവെന്നും 97 പേർ ഗാസയിൽ ഉണ്ടെന്നുമാണ് സൂചന.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു







































